അധ്യാപകരുടെ ശുചിമുറിയിൽ ഒളികാമറ; സ്കൂൾ ഡയറക്ടർ അറസ്റ്റിൽ
Wednesday, December 18, 2024 12:23 PM IST
ലക്നോ: ഉത്തർപ്രദേശിലെ നോയിഡയിൽ അധ്യാപകരുടെ ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ച സ്കൂൾ ഡയറക്ടർ അറസ്റ്റിൽ. നോയിഡയിലെ സെക്ടർ 70 ലെ ലേൺ വിത്ത് ഫൺ എന്ന പ്ലേ സ്കൂളിലാണ് സംഭവം. ശുചിമുറിയിലെ ബൾബ് സോക്കറ്റിലാണ് ഇയാൾ കാമറ സ്ഥാപിച്ചത്.
ആളുകൾ വാഷ്റൂമിൽ പ്രവേശിക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ തന്റെ കമ്പ്യൂട്ടറിലൂടെയും മൊബൈൽ ഫോണിലൂടെയും ഇയാൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കാമറ കണ്ട ഒരു അധ്യാപികയാണ് സംഭവം പോലീസിൽ അറിയിച്ചത്.
ഡിസംബർ 10ന്, ഒരു അധ്യാപിക വാഷ്റൂമിലെ ബൾബ് ഹോൾഡറിൽ അസാധാരണമായ വസ്തു ശ്രദ്ധിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ അത് ഒളി കാമറയാണെന്ന് അധ്യാപിക മനസിലാക്കി. ഇവർ ഉടൻതന്നെ സ്കൂളിലെ സെക്യൂരിറ്റിയെ വിളിച്ചുവരുത്തുകയും കാമറ പുറത്തെടുക്കുകയും ചെയ്തു.
തുടർന്ന് അധ്യാപിക ഇക്കാര്യം സ്കൂൾ ഡയറക്ടർ നവനീഷ് സഹായിനും സ്കൂൾ കോ-ഓർഡിനേറ്റർ പരുളിനും അറിയിച്ചു. എന്നാൽ, അവർ സംഭവം നിഷേധിച്ചു. അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നോയിഡ സെൻട്രൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ശക്തി മോഹൻ അവസ്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ കാമറ പ്രവർത്തനക്ഷമമാണെന്നും ദൃശ്യങ്ങൾ റിക്കാർഡ് ചെയ്യാതെ തത്സമയം സംപ്രേക്ഷണം ചെയ്യാൻ സാധിക്കുന്നതാണെന്നും സ്ഥിരീകരിച്ചു. തുടർന്ന് ഡയറക്ടർ നവനീഷ് സഹായിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ കാമറ ഓൺലൈനിൽ നിന്നും 22,000 രൂപയ്ക്ക് വാങ്ങിയതാണെന്ന് ഇയാൾ പോലീസിന് മൊഴി നൽകി.
അതേസമയം, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് അധ്യാപിക ആരോപിച്ചു. നേരത്തെയും സ്കൂളിലെ ടോയ്ലറ്റിൽ നിന്നും ഒളി കാമറ കണ്ടെത്തിയിരുന്നുവെന്ന് അവർ അവകാശപ്പെട്ടു. ഈ കാമറ സ്കൂൾ കോ-ഓർഡിനേറ്റർ പരുളിന് കൈമാറി. എന്നാൽ, അന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും അവർ ആരോപിച്ചു.
കാമറ സ്ഥാപിച്ചത് ഡയറക്ടർ തന്നെയാണെന്ന് സ്കൂളിലെ സുരക്ഷാ ജീവനക്കാരൻ വിനോദ് വെളിപ്പെടുത്തിയതായി അധ്യാപിക പറയുന്നു. ഉപകരണം സ്ഥാപിക്കുന്നതിൽ സുരക്ഷാ ജീവനക്കാരന് എന്തെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് ഇപ്പോൾ പരിശോധിക്കുന്നുണ്ട്.