ബാങ്കിന്റെ ഇടപെടല്‍; ചങ്ങനാശേരിയില്‍ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍നിന്ന് ഡോക്ടറെ രക്ഷിച്ച് പോലീസ്
Wednesday, December 18, 2024 11:27 AM IST
കോട്ടയം: ചങ്ങനാശേരിയില്‍ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍നിന്ന് ഡോക്ടറെ രക്ഷിച്ച് പോലീസ്. അറസ്റ്റ് ഭയന്ന് 5.25 ലക്ഷം രൂപയാണ് ഡോക്ടർ തട്ടിപ്പ് സംഘത്തിന് കൈമാറിയത്. ഇതിൽ നാലര ലക്ഷം രൂപ പോലീസ് വീണ്ടെടുത്തു.
സംശയകരമായ പണമിടപാട് ശ്രദ്ധയില്‍പ്പെട്ടതോടെ ബാങ്ക് അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
മുംബൈ പോലീസ് ആണെന്ന് പറഞ്ഞ് ഡോക്ടറെ വിളിച്ച തട്ടിപ്പ് സംഘം ഇദ്ദേഹത്തിന് വന്ന കൊറിയറിൽ രാസവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നും അറസ്റ്റ് രേഖപ്പെടുത്തിയതായും അറിയിച്ചു. ജാമ്യത്തില്‍ ഇറങ്ങണമെങ്കില്‍ 30 ലക്ഷം രൂപ കൈമാറണമെന്നും ആവശ്യപ്പെട്ടു.
ഇതോടെ ഭയന്നുപോയ ഡോക്ടർ ആദ്യഘട്ടമായി ആവശ്യപ്പെട്ട 5.25 ലക്ഷം രൂപ കൈമാറുകയായിരുന്നു. എന്നാൽ സംശയകരമായ ഇടപാട് കണ്ട് സംശയം തോന്നിയ ബാങ്ക് അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ എസ്ബിഐ പ്രത്യേക മോണിറ്ററിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് സംശയകരമായ ഇടപാട് ആണ് എന്ന സംശയം തോന്നിയത്. ഇവർ ഉടനെ ചങ്ങനാശേരി ബാങ്ക് മാനേജറെ വിവരം അറിയിച്ചു.
ബാങ്ക് മാനേജര്‍ തിരുവനന്തപുരത്തുള്ള സൈബര്‍ സെല്ലിന് വിവരം കൈമാറി. ഇവര്‍ വിവരം ചങ്ങനാശേരി പൊലീസിനെ അറിയിച്ചു. ചങ്ങനാശേരി പോലീസ് ഡോക്ടറുടെ വീട്ടില്‍ എത്തി കോളിംഗ് ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറക്കാന്‍ ഡോക്ടര്‍ തയാറായില്ല. തുടര്‍ന്ന് വാതില്‍ തല്ലി പൊളിച്ചാണ് പോലീസ് സംഘം അകത്തുകടന്നത്.