ത്രില്ലറിൽ വില്ലനായി മഴ; ഗാബ ടെസ്റ്റ് സമനിലയിൽ
Wednesday, December 18, 2024 11:25 AM IST
ബ്രിസ്ബേന്‍: മഴ കളിമുടക്കിയതിനു പിന്നാലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചു. അവസാന ദിനം ഓസീസ് ഉയർത്തിയ 275 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ എട്ടു റൺസെടുത്തപ്പോഴേക്കും രസംകൊല്ലിയായി മഴയെത്തി. കളി തുടരാനുള്ള സാഹചര്യമില്ലെന്ന് വിധിച്ചതോടെ ഇരു ക്യാപ്റ്റന്മാരും സമനില അംഗീകരിക്കുകയായിരുന്നു.
ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ 1-1 എന്ന നിലയിലായി ഇരു ടീമുകളും. ആദ്യ ഇന്നിംഗ്സിൽ 152 റൺസെടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ട്രാവിസ് ഹെഡാണ് കളിയിലെ താരം.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 260ല്‍ ഒതുക്കിയ ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ ഏഴിന് 89 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. ആദ്യ ഇന്നിംഗ്സിലെ ലീഡിന്റെ ബലത്തിലാണ് ഇന്ത്യക്ക് മുന്നിൽ 275 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടിയത്.
നേരത്തെ, 185 റൺസ് ലീഡുമായി രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഓസീസിനും വൻ തകർച്ചയെയാണ് നേരിടേണ്ടി വന്നത്. 89 റൺസെടുക്കുന്നതിനിടെ ഏഴുവിക്കറ്റുകൾ നഷ്ടമായി. നഥാൻ മക്സ്വീനി (നാല്), ഉസ്മാൻ ഖവാജ (എട്ട്), മാർനസ് ലബുഷെയ്ൻ (ഒന്ന്), മിച്ചൽ മാർഷ് (രണ്ട്), സ്റ്റീവ് സ്മിത്ത് (നാല്), ട്രാവിസ് ഹെഡ് (17), പാറ്റ് കമ്മിൻസ് (22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇതിൽ അഞ്ചുപേരെയും പിടിച്ചു പുറത്താക്കിയത് വിക്കറ്റിനു പിന്നിൽ ഋഷഭ് പന്താണ്.
വെറും 18 റൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും 28 റൺസിന് രണ്ടുവിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപും 35 റൺസിന് രണ്ടുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്.
ഓസീസിന് 11 റൺസെടുക്കുന്നതിനിടെയാണ് ആദ്യവിക്കറ്റായി ഉസ്മാൻ ഖവാജയെ നഷ്ടമായത്. ബുംറയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ അഞ്ചു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മാർനസ് ലബുഷെയ്നെ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ബുംറ വീണ്ടും പ്രഹരമേല്പിച്ചു. തൊട്ടടുത്ത ഓവറിൽ നഥാൻ മക്സ്വീനിയെ പുറത്താക്കി ആകാശ് ദീപ് വരവറിയിച്ചു. ഇതോടെ മൂന്നിന് 16 റൺസെന്ന നിലയിൽ ആതിഥേയർ പരുങ്ങി.
എന്നാൽ അതുകൊണ്ടും തീർന്നില്ല. സ്കോർ 28 റൺസിൽ നില്‍ക്കെ മിച്ചൽ മാർഷിനെയും പന്തിന്റെ കൈകളിലെത്തിച്ച് ആകാശ്ദീപ് വീണ്ടും ഞെട്ടിച്ചു. പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്തിനും പന്തിന്റെ കൈകളിലെത്താനായിരുന്നു വിധി. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്.
തുടർന്ന് ക്രീസിൽ ഒന്നിച്ച സെഞ്ചുറി വീരൻ ട്രാവിസ് ഹെഡും അലക്സ് കാരിയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 27 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 60 റൺസിൽ നില്‍ക്കെ ഹെഡിനെ പന്തിന്റെ കൈകളിലെത്തിച്ച് സിറാജ് വീണ്ടും ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു.
പിന്നാലെ നായകൻ പാറ്റ് കമ്മിൻസും അലക്സ് കാരിയും ചേർന്ന് 25 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ, 85 റൺസിൽ കമ്മിൻസിനെ പുറത്താക്കി ബുംറ വീണ്ടും ആഞ്ഞടിച്ചു. ഇതിനു പിന്നാലെ ഓസീസ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.