തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ ജീവനൊടുക്കിയ സംഭവം; എസി അജിത്തിനെതിരെ മൊഴി നൽകി സഹപ്രവർത്തകർ
Wednesday, December 18, 2024 10:34 AM IST
മലപ്പുറം: അരീക്കോട്ട് സ്പെഷല്‍ ഓപ്പറേഷന് പോലീസ് ക്യാംപില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ അസിസ്റ്റന്റ് കമാൻഡന്റ് അജിത്തിനെതിരെ ക്യാംപിലെ കമാന്‍ഡോകള്‍ അന്വേഷണ സംഘത്തിന് മൊഴി നൽകി.
അജിത്തിന് വിനീതിനോട് വ്യക്തി വൈരാഗ്യമുണ്ടെന്നാണ് സഹപ്രവര്‍ത്തകരുടെ വിശദീകരണം. സുഹൃത്തിന്റെ മരണത്തിലെ വീഴ്ച ചോദ്യം ചെയ്തതാണ് വിനീതിനോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണമെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
2021 സെപ്റ്റംബർ 16നാണ് വിനീതിന്റെ സുഹൃത്ത് സുനീഷ് മരിക്കുന്നത്. വയനാട് സ്വദേശിയായ സുനീഷ് മരിച്ചത് എസ്ഒജി ക്യാമ്പിലെ ട്രെയിനിംഗിനിടെയായിരുന്നു.
കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് ആരോപണം ഉയർന്നിരുന്നു. സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും എസി അജിത്ത് സമ്മതിച്ചില്ല. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുനീഷിന്റെ ജീവൻ നഷ്ടമായിരുന്നു.
സുനീഷിന്റെ മരണത്തിൽ എസി അജിത്തിനെതിരെ വിനീത് ശബ്ദമുയർത്തി. ഈ സംഭവത്തെ തുടർന്നാണ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായതെന്നും ഉദ്യോഗസ്ഥരുടെ മൊഴിയിൽ പറയുന്നു.
കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വിനീതിന്റെ മരണം അന്വേഷിക്കുന്നത്. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശിയും സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് കമാന്‍ഡോയുമായ വിനീത്(36) ആണ് കഴിഞ്ഞദിവസം ആത്മഹത്യചെയ്തത്.
മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് വിനീത് ആത്മഹത്യ ചെയ്തതെന്നാണ് എസ്പി ആര്. വിശ്വനാഥ് പറഞ്ഞത്.