ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവം; ട്രൈബൽ പ്രമോട്ടറെ പിരിച്ചുവിട്ടു
Wednesday, December 18, 2024 10:25 AM IST
വയനാട്: മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിൽ ട്രൈബൽ പ്രമോട്ടറെ പിരിച്ചുവിട്ടു. ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. താൽക്കാലിക ജീവനക്കാരനാണ് മഹേഷ്. സംഭവത്തിൽ മറ്റ് ട്രൈബൽ പ്രമോട്ടർമാർ ഇന്ന് പ്രതിഷേധിക്കും.
താൽക്കാലിക ജീവനക്കാരനായ പ്രമോട്ടറെ ബലിയാടാക്കുകയാണെന്നാണ് മറ്റ് ട്രൈബൽ പ്രമോട്ടർമാർ പറയുന്നത്. ആദിവാസി മേഖലയിൽ നിന്നു തന്നെ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിയോഗിക്കുന്ന ആളാണ് പ്രമോട്ടർ. പഞ്ചായത്തിന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായതായാണ് മഹേഷ് കുമാർ പറയുന്നത്.
രണ്ട് ആംബുലൻസുകൾ പര്യാപ്തമല്ലെന്ന് പലതവണ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് പിരിച്ചുവിട്ട ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ താൻ ഉത്തരവാദി അല്ലാതിരുന്നിട്ടും കടുത്ത നടപടിയാണ് നേരിടേണ്ടി വന്നതെന്നാണ് പിരിച്ചുവിട്ട പ്രമോട്ടർ പറയുന്നത്. വിഷയത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.