ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്
Wednesday, December 18, 2024 10:07 AM IST
വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പനമരം സ്വദേശികളായ താഴെപുനത്തിൽ വീട്ടിൽ ടി.പി. നബീൽ കമർ (25), കുന്നുമ്മൽ വീട്ടിൽ കെ. വിഷ്ണു എന്നിവർക്ക് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
ഇവർ ജില്ല വിട്ട് പോയിട്ടുണ്ടാവാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കേസിൽ ചൊവ്വാഴ്ച രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് ഹര്‍ഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്.
ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതനോടാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ ക്രൂരത കാട്ടിയത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അരക്കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്.
അരയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ ഇയാൾ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.