വൻ തകർച്ചയോടെ ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയ; ഇന്ത്യയ്ക്ക് ജയിക്കാൻ 275
Wednesday, December 18, 2024 10:06 AM IST
ബ്രിസ്ബേൻ: ബോർഡർ- ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 275 റൺസ്. രണ്ടാമിന്നിംഗ്സിൽ ഓസ്ട്രേലിയ ഏഴിന് 89 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തു. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് 54 ഓവർ കൂടി ശേഷിക്കേ ഏകദിന ശൈലിയിൽ ബാറ്റ് ചെയ്താൽ മാത്രമേ ഇന്ത്യയ്ക്ക് വിജയിക്കാനാകൂ.
നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 260 റൺസിൽ അവസാനിച്ചിരുന്നു. ഒമ്പതിന് 252 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് തലേന്നത്തെ സ്കോറിനോട് എട്ടു റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ.
31 റൺസെടുത്ത ആകാശ്ദീപിനെ ഹെഡിന്റെ പന്തിൽ അലക്സ് കാരി സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. അവസാന വിക്കറ്റിൽ മികച്ച ചെറുത്തുനില്പ് നടത്തിയ ആകാശ്ദീപാണ് ഇന്ത്യൻ നിരയിലെ മൂന്നാമത്തെ ടോപ് സ്കോറർ. 10 റൺസുമായി ബുംറ പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കു വേണ്ടി പാറ്റ് കമ്മിൻസ് നാലും മിച്ചൽ സ്റ്റാർക്ക് മൂന്നും വിക്കറ്റ് വീഴ്ത്തി.
185 റൺസ് ലീഡുമായി രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഓസീസിനും വൻ തകർച്ചയെയാണ് നേരിടേണ്ടി വന്നത്. 89 റൺസെടുക്കുന്നതിനിടെ ഏഴുവിക്കറ്റുകൾ നഷ്ടമായി. നഥാൻ മക്സ്വീനി (നാല്), ഉസ്മാൻ ഖവാജ (എട്ട്), മാർനസ് ലബുഷെയ്ൻ (ഒന്ന്), മിച്ചൽ മാർഷ് (രണ്ട്), സ്റ്റീവ് സ്മിത്ത് (നാല്), ട്രാവിസ് ഹെഡ് (17), പാറ്റ് കമ്മിൻസ് (22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇതിൽ അഞ്ചുപേരെയും പിടിച്ചു പുറത്താക്കിയത് വിക്കറ്റിനു പിന്നിൽ ഋഷഭ് പന്താണ്.
വെറും 18 റൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും 28 റൺസിന് രണ്ടുവിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപും 35 റൺസിന് രണ്ടുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്.
ഓസീസിന് 11 റൺസെടുക്കുന്നതിനിടെയാണ് ആദ്യവിക്കറ്റായി ഉസ്മാൻ ഖവാജയെ നഷ്ടമായത്. ബുംറയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ അഞ്ചു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മാർനസ് ലബുഷെയ്നെ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ബുംറ വീണ്ടും പ്രഹരമേല്പിച്ചു. തൊട്ടടുത്ത ഓവറിൽ നഥാൻ മക്സ്വീനിയെ പുറത്താക്കി ആകാശ് ദീപ് വരവറിയിച്ചു. ഇതോടെ മൂന്നിന് 16 റൺസെന്ന നിലയിൽ ആതിഥേയർ പരുങ്ങി.
എന്നാൽ അതുകൊണ്ടും തീർന്നില്ല. സ്കോർ 28 റൺസിൽ നില്ക്കെ മിച്ചൽ മാർഷിനെയും പന്തിന്റെ കൈകളിലെത്തിച്ച് ആകാശ്ദീപ് വീണ്ടും ഞെട്ടിച്ചു. പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്തിനും പന്തിന്റെ കൈകളിലെത്താനായിരുന്നു വിധി. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്.
തുടർന്ന് ക്രീസിൽ ഒന്നിച്ച സെഞ്ചുറി വീരൻ ട്രാവിസ് ഹെഡും അലക്സ് കാരിയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 27 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 60 റൺസിൽ നില്ക്കെ ഹെഡിനെ പന്തിന്റെ കൈകളിലെത്തിച്ച് സിറാജ് വീണ്ടും ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു.
പിന്നാലെ നായകൻ പാറ്റ് കമ്മിൻസും അലക്സ് കാരിയും ചേർന്ന് 25 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ, 85 റൺസിൽ കമ്മിൻസിനെ പുറത്താക്കി ബുംറ വീണ്ടും ആഞ്ഞടിച്ചു. ഇതിനു പിന്നാലെ ഓസീസ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.