ആഞ്ഞടിച്ച് ആകാശും ബുംറയും, പറന്നുപിടിച്ച് പന്ത്; ഓസീസിന് വൻ തകർച്ച, അഞ്ചിന് 43
Wednesday, December 18, 2024 9:42 AM IST
ബ്രിസ്ബേൻ: ബോർഡർ- ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച. 43 റൺസെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായി. 13 റൺസുമായി ട്രാവിസ് ഹെഡും ആറു റൺസുമായി അലക്സ് കാരിയുമാണ് ക്രീസിൽ.
വെറും ഏഴു റൺസിന് രണ്ടുവിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപും 14 റൺസ് വഴങ്ങി രണ്ടുവിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി.
നഥാൻ മക്സ്വീനി (നാല്), ഉസ്മാൻ ഖവാജ (എട്ട്), മാർനസ് ലബുഷെയ്ൻ (ഒന്ന്), മിച്ചൽ മാർഷ് (രണ്ട്), സ്റ്റീവ് സ്മിത്ത് (നാല്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നാലു ക്യാച്ചുകളും സ്വന്തമാക്കിയത് ഋഷഭ് പന്താണ്.
നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 260 റൺസിൽ അവസാനിച്ചിരുന്നു. ഒമ്പതിന് 252 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് തലേന്നത്തെ സ്കോറിനോട് എട്ടു റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ.
31 റൺസെടുത്ത ആകാശ്ദീപിനെ ഹെഡിന്റെ പന്തിൽ അലക്സ് കാരി സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. അവസാന വിക്കറ്റിൽ മികച്ച ചെറുത്തുനില്പ് നടത്തിയ ആകാശ്ദീപാണ് ഇന്ത്യൻ നിരയിലെ മൂന്നാമത്തെ ടോപ് സ്കോറർ. 10 റൺസുമായി ബുംറ പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കു വേണ്ടി പാറ്റ് കമ്മിൻസ് നാലും മിച്ചൽ സ്റ്റാർക്ക് മൂന്നും വിക്കറ്റ് വീഴ്ത്തി.
185 റൺസ് ലീഡുമായി രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഓസീസിനും വൻ തകർച്ചയെ നേരിടേണ്ടി വന്നു. 11 റൺസെടുക്കുന്നതിനിടെ ഉസ്മാൻ ഖവാജയെ നഷ്ടമായി. ബുംറയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ അഞ്ചു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മാർനസ് ലബുഷെയ്നെ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ബുംറ വീണ്ടും പ്രഹരമേല്പിച്ചു. തൊട്ടടുത്ത ഓവറിൽ നഥാൻ മക്സ്വീനിയെ പുറത്താക്കി ആകാശ് ദീപ് വരവറിയിച്ചു. ഇതോടെ മൂന്നിന് 16 റൺസെന്ന നിലയിൽ ആതിഥേയർ പരുങ്ങി.
എന്നാൽ അതുകൊണ്ടും തീർന്നില്ല. സ്കോർ 28 റൺസിൽ നില്ക്കെ മിച്ചൽ മാർഷിനെയും പന്തിന്റെ കൈകളിലെത്തിച്ച് ആകാശ്ദീപ് വീണ്ടും ഞെട്ടിച്ചു. പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്തിനും പന്തിന്റെ കൈകളിലെത്താനായിരുന്നു വിധി. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്.