നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം; ഒപ്പം താമസിച്ചിരുന്നവരുടെ മൊഴിയെടുക്കും
Wednesday, December 18, 2024 7:57 AM IST
കോഴിക്കോട്: കോഴിക്കോട് സർക്കാർ നഴ്സിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനി ലക്ഷ്മി രാധാകൃഷ്ണനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് നടപടി.
രക്ഷിതാക്കളിൽ നിന്നും ലക്ഷ്മിക്ക് ഒപ്പം ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനികളിൽ നിന്നും പോലീസ് ഉടൻ മൊഴിയെടുക്കും. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാത്രി വൈകിയാണ് ലക്ഷ്മിയുടെ ബന്ധുക്കൾ കോട്ടയത്ത് നിന്നും കോഴിക്കോട്ട് എത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്.
ലക്ഷ്മി രാധാകൃഷ്ണൻ ചൊവ്വാഴ്ച ക്ലാസിൽ പോയിരുന്നില്ല. അസുഖമായതിനാൽ അവധിയെടുക്കുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചത്. എന്നാൽ ലക്ഷ്മി താമസിക്കുന്ന ഹോസ്റ്റൽ മുറി വൃത്തിയാക്കാൻ പതിനൊന്നരയോടെ ആളുകൾ വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ഫാനിൽ ഷാൾകെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.