ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുന്പോൾ അറിയിക്കാം; സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി
Monday, December 16, 2024 3:53 PM IST
തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുന്പോൾ കർണാകടയെ അറിയിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
വൈത്തിരി താലൂക്കിൽ രണ്ട് സ്ഥലങ്ങളിൽ ടൗണ്‍ഷിപ്പ് സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്. സുതാര്യമായ സ്പോണ്‍സർഷിപ്പ് ചട്ടക്കൂട് തയാറാക്കി വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട് ദുരന്തത്തിൽ 100 വീടുകൾ വച്ചു നൽകാമെന്നായിരുന്നു കർണാടക സർക്കാരിന്റെ വാഗ്ദാനം. ഇക്കാര്യത്തിൽ കേരള സർക്കാർ ഒരു ആശയവിനിമയവും നടത്തിയില്ലെന്നു ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ പിണറായി വിജയനു കത്തയച്ചിരുന്നു.
സ്ഥലം വാങ്ങിയും വീടു വച്ചുനൽകാൻ തയാറാണെന്നും എന്തു ചെയ്യണമെന്നു കേരള സർക്കാർ ഇനിയെങ്കിലും അറിയിക്കണമെന്നും സിദ്ധരാമയ്യയുടെ കത്തിൽ പറഞ്ഞിരുന്നു.