ഗാബയിൽ ഓസീസ് 445 റണ്‍സിന് പുറത്ത്; മറുപടിയിൽ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം
Monday, December 16, 2024 8:48 AM IST
ബ്രിസ്ബേൻ: ബോർഡർ- ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ഓസ്ട്രേലിയ 445 റൺസിനു പുറത്ത്. മൂന്നാംദിനം ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരി നേരിയ അര്‍ധസെഞ്ചുറിയാണ് ഓസീസിനെ മികച്ച സ്കോറിൽ എത്തിച്ചത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ ആറു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ടും ആകാശ്ദീപ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഏഴിന് 405 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയർക്ക് 18 റൺസെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ബുംറയ്ക്കാണ് വിക്കറ്റ്. പിന്നാലെയെത്തിയ നഥാന്‍ ലയണിനെ (രണ്ട്) സിറാജ് മടക്കി. ഈസമയം ഒരറ്റത്ത് പിടിച്ചുനിന്ന അലക്സ് കാരി അർധസെഞ്ചുറി പിന്നിട്ട് മുന്നേറുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ അലക്സ് കാരിയെയും പുറത്താക്കി ആകാശ്ദീപ് ഓസീസിന്റെ വിക്കറ്റ് വീഴ്ച പൂർത്തിയാക്കി.
88 പന്തിൽ ഏഴു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 70 റൺസെടുത്ത താരമാണ് ഓസീസ് നിരയിലെ മൂന്നാമത്തെ ടോപ് സ്കോറർ. നേരത്തെ സ്റ്റീവന്‍ സ്മിത്തിന്റെയും ട്രാവിസ് ഹെഡിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.
അതേസമയം, ഒന്നാമിന്നിംഗ്സിൽ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ബാറ്റിംഗ് തകർച്ചയെ നേരിടുകയാണ്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 22 റൺസെന്ന നിലയിലാണ് സന്ദർശകർ. 13 റൺസുമായി കെ.എൽ. രാഹുലും ഒരു റണ്ണുമായി ഋഷഭ് പന്തുമാണ് ക്രീസിൽ.
യശസ്വി ജയ്സ്വാൾ (നാല്), ശുഭ്മാൻ ഗിൽ (ഒന്ന്), വിരാട് കോഹ്ലി (മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മിച്ചൽ സ്റ്റാർക്ക് രണ്ടും ജോഷ് ഹേസിൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.
സ്കോർബോർഡിൽ നാലു റൺസ് ചേർത്തപ്പോഴേ ഇന്ത്യയുടെ വിക്കറ്റ് വീഴ്ച ആരംഭിച്ചു. നാലു റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആദ്യ പന്തിൽ ബൗണ്ടറിയോടെ തുടങ്ങിയ ജയ്സ്വാളിനെ രണ്ടാംപന്തിൽ മിച്ചൽ സ്റ്റാർക്ക് മിച്ചൽ മാർഷിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ ശുഭ്മാന്‍ ഗില്ലിനെയും നിലയുറപ്പിക്കുന്നതിനു മുമ്പ് സ്റ്റാർക്ക് പുറത്താക്കിയതോടെ ഇന്ത്യ രണ്ടിന് ആറു റൺസെന്ന നിലയിലായി.
തുടര്‍ന്നെത്തിയ വിരാട് കോഹ്ലിക്കൊപ്പം ക്രീസിൽ ഒന്നിച്ച കെ.എൽ. രാഹുൽ സ്കോർ ഉയർത്താൻ ശ്രമം ആരംഭിച്ചു. എന്നാൽ സ്കോർ 22 റൺസിൽ നില്‍ക്കെ കോഹ്ലിയെ പുറത്താക്കി ജോഷ് ഹേസില്‍വുഡ് ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു.