മന്ത്രിയാക്കാമെന്ന് പറഞ്ഞ് പറ്റിച്ചു; ശിവസേന എംഎൽഎ പാർട്ടി വിട്ടു
Monday, December 16, 2024 5:12 AM IST
മുംബൈ: മന്ത്രിസ്ഥാനം കിട്ടാത്തതിൽ പ്രതിഷേധിച്ച് ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം എംഎൽഎ പാർട്ടി വിട്ടു. ഭണ്ഡാര-പവാനി മണ്ഡലം എംഎൽഎ നരേന്ദ്ര ബോണ്ടേക്കർ ആണ് പാർട്ടി വിട്ടത്. രാജി സംബന്ധിച്ച് ഏക്നാഥ് ഷിൻഡയ്ക്ക് അദ്ദേഹം കത്തയച്ചു.
എന്നാൽ എംഎൽഎ സ്ഥാനം രാജിവച്ചിട്ടില്ല. മൂന്ന് തവണ എംഎൽഎയായ നരേന്ദ്രയ്ക്ക് മന്ത്രിസാഥനം ലഭിക്കുമെന്ന് പാർട്ടി നേതൃത്വം അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. തുടർന്നാണ് പാർട്ടി വിടുന്നതായി പ്രഖ്യാപനം നടത്തിയത്.
ശിവസേനയുടെ പ്രധാന നേതാവും വിദർഭ മേഖലയിലെ പാർട്ടി കോ-ഓർഡിനേറ്ററുമാണ് നരേന്ദ്ര ബോണ്ടേക്കർ. ഇന്നലെ നടത്തിയ മന്ത്രിസഭാ പുന സംഘടനയിൽ 39 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.