പ്രധാനമന്ത്രി വയനാട് സന്ദർശിച്ചതിന്റെ പണം കൂടി കേരളം കൊടുക്കേണ്ടി വരുമോ ?: മന്ത്രി പി. രാജീവ്
Sunday, December 15, 2024 11:38 PM IST
കൊച്ചി: പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിന്റെ കാശും കൂടി കേരളം കൊടുക്കേണ്ടി വരുമോയെന്ന് മന്ത്രി പി. രാജീവ്. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. ഇത് അനുകൂലമായാൽ എസ്റ്റേറ്റ് ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വയനാട് ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ ഇറക്കിയതിന് കേന്ദ്രം പൈസ ചോദിച്ചത് വ്യാജ കഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്ര വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. വിവിധ വകുപ്പുകൾ സഹായം നൽകുമ്പോൾ അതിനുള്ള പണം നൽകണം. കാലാ കാലങ്ങളായി നടക്കുന്ന കാര്യമാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ചകള്ളം കുറെയായി തുടരുന്നു. എല്ലാം ജനങ്ങളുടെ നികുതി പണമാണ്. ഒരു ഹെലികോപ്റ്റർ ഇറങ്ങുമ്പോൾ പണം കൊടുക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.