കാട്ടാനയുടെ ആക്രമണത്തിൽ സഹോദരിമാർക്ക് ദാരുണാന്ത്യം
Sunday, December 15, 2024 11:31 PM IST
ഭുവനേശ്വർ: ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരിമാർക്ക് ദാരുണാന്ത്യം. ബോണായി ഫോറസ്റ്റ് ഡിവിഷനിലെ തമാഡ റേഞ്ചിലെ കാന്തപ്പള്ളി ഗ്രാമത്തിലാണ് സംഭവം.
സാമിയ മുണ്ട (12), സഹോദരി ചാന്ദ്നി മുണ്ട (മൂന്ന്) എന്നിവരാണ് മരിച്ചത്. ഇവർ വീട്ടിൽ കിടന്നുറങ്ങുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്.
ആനയെ കണ്ട് വീട്ടിലുണ്ടായിരുന്ന മുതിർന്നവർ ഓടിരക്ഷപെട്ടുവെങ്കിലും സഹോദരിമാർക്ക് രക്ഷപെടാൻ സാധിച്ചില്ല. ആന ഇവരെ ചവിട്ടി കൊല്ലുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു.