മാന്ത്രിക വിരലുകൾ നിലച്ചു; തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
Sunday, December 15, 2024 10:13 PM IST
സാൻഫ്രാൻസിസ്കോ: ലോക പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ആരോഗ്യപ്രശ്നത്തെ തുടർന്ന് രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാല് തവണ ഗ്രാമി സംഗീത അവാർഡ് നേടിയിട്ടുണ്ട്. രാജ്യം അദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. നടൻ, സംഗീത സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.
1951 ൽ മുംബൈയിലാണ് സാക്കിര്‍ ഹുസൈന് ജനിച്ചത്. പിതാവ് ഉസ്താദ് അല്ലാ രഖയുടെ കൈപിടിച്ചാണ് അദ്ദേഹം സംഗീത ലോകത്തേക്ക് കടന്നുവരുന്നത്. ഏറെ ചെറു പ്രായത്തിലേ മഹാന്മാരായ സംഗീതജ്ഞർക്കൊപ്പം അദ്ദേഹം തബല വായിച്ചുതുടങ്ങി. 18 ആം വയസിൽ സിത്താർ മാന്ത്രികൻ രവിശങ്കറിനൊപ്പം അദ്ദേഹം കച്ചേരി അവതരിപ്പിച്ചു.
തുടർന്ന് ലോകമെമ്പാടുമായി നിരവധി വേദികളിലായി അദ്ദേഹം തബല വായിച്ചു. കേരളത്തോടും കേരളത്തിലെ താള വാദ്യങ്ങളോടും വലിയ ആത്മബന്ധം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിന്നെകോലയാണ് ഭാര്യ. അനിഷ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.