മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ ഒപ്പമുണ്ടാകും: പ്രതിപക്ഷ നേതാവ്
Sunday, December 15, 2024 9:53 PM IST
തിരുവനന്തപുരം: മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ അവര്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുനമ്പം ഭൂവിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങളാണെന്നും സതീശൻ പറഞ്ഞു.
എല്ലാ തീരപ്രദേശത്തും തീരശോഷണം നടന്നുകൊണ്ടിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി. പോരാട്ടം തുടരുക തന്നെ ചെയ്യണമെന്നും വി. ഡി. സതീശന് പറഞ്ഞു.
അതിനിടെ വയനാട് വിഷയത്തിൽ കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യുന്നകാര്യം മൂന്നുവട്ടം ആലോചിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തങ്ങള്‍ക്ക് സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണിയുണ്ടെന്നും സതീശൻ പറഞ്ഞു.
വയനാട്ടിലെ കേന്ദ്ര അവഗണനയ്ക്കെതിരെ ആദ്യം സംസാരിച്ചത് യുഡിഎഫാണ്. മുഖ്യമന്ത്രി പറയുന്നതിന് മുമ്പ് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. സാമൂഹ്യസുരക്ഷാ പെന്ഷന് ചില സര്‍ക്കാര്‍ ജീവനക്കാര്‍ തട്ടിയെടുക്കുന്നതായി പുറത്ത് വന്നിട്ട് അവരുടെ പേര് വെളിപ്പെടുത്താൻ സർക്കാർ തയാറായിട്ടില്ല. പേര് പറഞ്ഞാല്‍ സിപിഎമ്മുമായി ബന്ധപ്പെട്ട ആളുകളുടെ വലിയ നിര തന്നെയുണ്ടാകുമെന്നും സതീശന് പറഞ്ഞു.