ഗുഡ്സ് ഓട്ടോയിലെ കുട തലയിൽ കുടുങ്ങി; കാല്‍നട യാത്രക്കാരൻ റോഡിൽവീണ് അപകടം
Sunday, December 15, 2024 9:38 PM IST
കോഴിക്കോട്: ഗുഡ്സ് ഓട്ടോയിലെ വലിയ കുട കുടുങ്ങി കാല്‍നട യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് അപകടം. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ കോഴിക്കോട് കക്കോടി പാലത്തിൽ ആണ് അപകടമുണ്ടായത്.
വഴിയോര കച്ചവടം നടത്തുന്ന ഗുഡ്സ് ഓട്ടോയിലെ കുട തലയിൽ കുടുങ്ങി വയാധികൻ താഴെ വീഴുകയായിരുന്നു. തൊട്ടുപിന്നാലെ വന്ന കാർ ഡ്രൈവർ സംഭവം കണ്ട് വാഹനം വെട്ടിച്ചു മാറ്റിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഗുഡ്സ് ഓട്ടോയിൽ കെട്ടിവച്ചിരുന്ന കുട മടക്കിവയ്ക്കാതെ വാഹനം ഓടിച്ചതാണ് അപകടത്തിനു കാരണമായത്. വയോധികൻ റോഡിൽ വീണശേഷവും കുട റോഡിൽ വീണ് ഉരയുന്നനിലയിൽ ഓട്ടോ മൂന്നോട്ട് പോകുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം.