വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സഹായം ലഭിച്ചില്ല; കേന്ദ്രം അവഗണന തുടരുന്നു: മന്ത്രി വാസവൻ
Sunday, December 15, 2024 9:25 PM IST
കോട്ടയം: വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സർക്കാർ സഹായം കിട്ടിയിട്ടില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. അർഹത ഉള്ളത് ഒന്നും കേന്ദ്രം തരാത്തത് ആണ് നിലവിലെ സാഹചര്യം എന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്ക്കാര് അവഗണന തുടരുകയാണ്. ദുരന്ത മുഖത്ത് പോലും സഹായം ഇല്ല. പക പോക്കൽ സമീപനം ആണോ എന്നും സംശയിക്കുന്നു.
വിഴിഞ്ഞം സ്വകാര്യ സംരംഭം അല്ല. സംസ്ഥാന സർക്കാരുമായി ചേർന്നുള്ള പദ്ധതിയാണ്. കസ്റ്റംസ് ഡ്യൂട്ടി അടക്കം എത്തുന്നത് കേന്ദ്രത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പാർലമെന്റിൽ കേന്ദ്രസർക്കാർ അറിയിച്ചു.
കരാർ വ്യവസ്ഥയിൽ വിജിഎഫ് തുക തിരിച്ചടയ്ക്കണമെന്ന് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ വിജിഎഫിന്റെ കാര്യത്തിലും വരുമാനവിഹിതം പങ്കുവയ്ക്കുന്ന കാര്യത്തിലും യാതൊരു വിട്ടുവിഴ്ച്ചയ്ക്കും തയറാല്ലെന്ന് കേന്ദ്രതുറമുഖമന്ത്രി സർബാനന്ദ സോനോവാൾ രാജ്യസഭയെ അറിയിച്ചു. ഹാരിസ് ബീരാന് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.