മോദിയുടെ നീണ്ട പ്രസംഗം തന്നെ ബോറടിപ്പിച്ചു; രണ്ടു പിരീഡ് കണക്കുക്ലാസിൽ ഇരുന്നപോലെയെന്ന് പ്രിയങ്ക
Sunday, December 15, 2024 8:24 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ നടത്തിയ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്കാ ഗാന്ധി എംപി. നീണ്ട പ്രസംഗം തന്നെ ബോറടിപ്പിച്ചു. പ്രധാനമന്ത്രി പുതിയതായി ഒന്നും സംസാരിച്ചിട്ടില്ല. തുടർച്ചയായ രണ്ടു പിരീഡ് കണക്കുക്ലാസിലിരുന്നതിന് സമാനമായിരുന്നു പ്രസംഗമെന്നും പ്രിയങ്ക പറഞ്ഞു.
ജെ.പി. നദ്ദ കൈകൾ തിരുമ്മിയിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നോക്കിയപ്പോൾ ശ്രദ്ധയോടെ കേൾക്കുന്നതുപോലെ ഇരുന്നു. അമിത് ഷാ തലയിൽ കൈവച്ചിരിക്കുകയായിരുന്നു. പീയൂഷ് ഗോയൽ ഉറക്കത്തിലേക്ക് വീഴുന്ന അവസ്ഥയിലായിരുന്നുവെന്നും പ്രിയങ്ക പരിഹസിച്ചു.
മോദി നടത്തിയ പ്രസംഗം പൊള്ളയാണ്. 11 പൊള്ളയായ വാഗ്ദാനങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അഴിമതിയോട് സഹിഷ്ണുത കാണിക്കുന്നില്ലെങ്കിൽ അദാനിയെക്കുറിച്ച് ഒരു സംവാദമെങ്കിലും നടത്തണമെന്നും പ്രിയങ്ക പറഞ്ഞു.
തനിക്ക് ഇത് പുതിയ അനുഭവമായിരുന്നു. പ്രധാനമന്ത്രി പുതിയ എന്തെങ്കിലും പറയുമെന്ന് കരുതിയിരുന്നതായും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.