മെക് സെവൻ കരുതലായി ആരംഭിച്ച വ്യായാമ കൂട്ടായ്മ: മലക്കംമറിഞ്ഞ് പി. മോഹനൻ
Sunday, December 15, 2024 6:04 PM IST
കോഴിക്കോട്: മെക് സെവൻ വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം സിപിഎം നേതാവ് പി. മോഹനൻ പിൻവലിച്ചു. അപൂർവം ചിലയിടങ്ങളിൽ അത്തരക്കാർ നുഴഞ്ഞു കയറുന്നുവെന്നാണ് താൻ പറഞ്ഞതെന്ന് മോഹനൻ പറഞ്ഞു.
ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ കരുതലായി ആരംഭിച്ച വ്യായാമ കൂട്ടായ്മയാണ് മെക് സെവൻ. അതിനെ എതിര്‍ക്കേണ്ട കാര്യമില്ല. എന്നാൽ, അതൊരു പൊതുവേദിയാണ്.
അത്തരം വേദികളിൽ ഉള്‍പ്പെടെ ജമാഅത്തെ ഇസ്ലാമി, സംഘപരിവാര്‍, എസ്ഡിപിഐ തുടങ്ങിയ മതരാഷ്ട്ര വാദികള്‍ നുഴഞ്ഞുകയറി അവരുടെ അജണ്ട നടപ്പാക്കാനുള്ള നീക്കം നടത്തുന്നുണ്ട്.
ഇത്തരം വേദികളിലും ഇത്തരത്തിലുള്ള ശക്തികള്‍ കയറിപ്പറ്റി നമ്മുടെ നാടിന്റെ മതനിരപേക്ഷതയെ തകര്‍ക്കാൻ ശ്രമിക്കുന്നവരാണ്. അതിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നാണ് നേരത്തെ പറഞ്ഞതെന്നും മെക് സെവനെതിരെ ആരോപണമില്ലെന്നും മോഹനൻ വ്യക്തമാക്കി.