മണിയാര്‍ ജലവൈദ്യൂതി പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണം: മുഖ്യമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല
Sunday, December 15, 2024 5:57 PM IST
തിരുവനന്തപുരം: മണിയാര്‍ ജലവൈദ്യുത പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കി രമേശ് ചെന്നിത്തല. പദ്ധതിയുടെ ബിഒടി കരാര്‍ നീട്ടി നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ അഴിമതിയുണ്ട്. സ്വകാര്യ കമ്പനിക്ക് കരാര്‍ നീട്ടി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിഷയത്തില്‍ കര്‍ശനവും വേഗത്തിലുമുള്ള തീരുമാനമുണ്ടാകണം. അല്ലാത്ത പക്ഷം, ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അതീവ ഗുരുതരമായ ക്രമക്കേടും വഞ്ചനയുമായിരിക്കുമെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.
പദ്ധതിയുടെ ബിഒടി കരാര്‍ 25 വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്. ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. യൂണിറ്റിന് വെറും അന്‍പത് പൈസ നിരക്കില്‍ വൈദ്യുതി ഉലപാദിപ്പിക്കാവുന്ന നിലയമാണ് ആരുടെയൊക്കെയോ സ്വാര്‍ത്ഥ ലാഭം നോക്കി സ്വകാര്യ കമ്പനിക്ക് തീറെഴുതാനൊരുങ്ങുന്നത്.
ഇതു സംബന്ധിച്ച പല തെളിവുകളും രേഖകളും ഇതിനകം താന്‍ പുറത്തുവിട്ടിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.