സംഗീത പരിപാടിയിൽ ഹിജാബ് ധരിച്ചില്ല, ഗായിക പരസ്തു അഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാൻ പോലീസ്
Sunday, December 15, 2024 4:32 PM IST
ടെഹ്റാൻ: സംഗീത പരിപാടിയിൽ ഹിജാബ് ധരിക്കാത്തതിനെ തുടർന്നു ഗായിക പരസ്തു അഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാൻ പോലീസ്. പരസ്തു അഹമ്മദി ഓൺലൈനിൽ സംഗീത കച്ചേരി നടത്തിയിരുന്നു. ഇത് യൂട്യൂബിൽ അപ്ലോഡ് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്.
നാല് പുരുഷ സംഗീതജ്ഞർക്കൊപ്പം കറുത്ത വസ്ത്രത്തിൽ പാടുന്ന അഹമ്മദിയുടെ കച്ചേരി ജനശ്രദ്ധയാകർഷിച്ചിരുന്നു. 17 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.
ശനിയാഴ്ച സാരി സിറ്റിയിൽ വച്ചാണ് അറസ്റ്റ് നടന്നതെന്ന് അഹമ്മദിയുടെ അഭിഭാഷകൻ മിലാദ് പനാഹിപുർ പറഞ്ഞു. അറസ്റ്റിലായതിനുശേഷം പരസ്തു അഹമ്മദിയുടെ വിവരങ്ങൾ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പരസ്തുവിന്റെ മ്യൂസിക്കൽ ബാൻഡിലെ മറ്റ് രണ്ട് അംഗങ്ങളായ എഹ്സാൻ ബെരഗ്ദാർ, സൊഹൈൽ ഫാഗിഹ് നസിരി എന്നിവരും ശനിയാഴ്ച അറസ്റ്റിലായിരുന്നു.
ഹിജാബ് നിയമത്തിൽ ഇറാൻ സർക്കാർ പരിഷ്കരണം വരുത്തിയത് അടുത്തിടെയാണ് . ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകൾക്ക് വധശിക്ഷ വരെ ലഭിക്കുന്ന തരത്തിലാണ് നിയമം പരിഷ്കരിച്ചത്.