സെഞ്ചുറികളുമായി സ്മിത്തും ഹെഡും; അഞ്ചു വിക്കറ്റുമായി ബുംറ: ഓസീസ് ഏഴിന് 405
Sunday, December 15, 2024 3:19 PM IST
ബ്രിസ്ബേൻ: ബോർഡർ- ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലെ ഒന്നാമിന്നിംഗ്സിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. രണ്ടാംദിനം കളിനിർത്തുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 405 റൺസെന്ന നിലയിലാണ് ആതിഥേയർ. 45 റൺസുമായി അലക്സ് കാരിയും ഏഴുറൺസുമായി മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിൽ.
തകർപ്പൻ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും ബലത്തിലാണ് ഓസീസ് മികച്ച സ്കോറിലെത്തിയത്. 160 പന്തിൽ 18 ബൗണ്ടറികൾ ഉൾപ്പെടെ 152 റൺസെടുത്ത ഹെഡാണ് ടോപ് സ്കോറർ. അതേസമയം, സ്മിത്ത് 190 പന്തിൽ 12 ബൗണ്ടറികൾ ഉൾപ്പെടെ 101 റൺസെടുത്തു.
ഇന്ത്യയ്ക്കായി 72 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഓസീസ് കുതിപ്പിന് ഒരു പരിധി വരെയെങ്കിലും തടയിട്ടത്. മുഹമ്മദ് സിറാജ്, നിതീഷ് റെഡ്ഡി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ. വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് സ്കോർബോർഡിൽ മൂന്നു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഉസ്മാന് ഖവാജയെ നഷ്ടമായി. ബുംറയുടെ പന്തിൽ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിന് പിടികൊടുക്കുകയായിരുന്നു.
അടുത്ത വരവിൽ നഥാന്‍ മക്സ്വീനിയെ വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ച ബുംറ ഓസീസിനെ ഞെട്ടിച്ചു. രണ്ടിന് 38 റൺസെന്ന നിലയിലായ ആതിഥേയരെ പിന്നീട് ക്രീസിൽ ഒന്നിച്ച സ്റ്റീവ് സ്മിത്തും ലബുഷെയ്നും ചേര്‍ന്ന് കരകയറ്റാൻ ശ്രമിച്ചു. എന്നാൽ സ്കോർ 75 റൺസിൽ നില്‍ക്കെ, ലബുഷെയ്നിനെ കോഹ്ലിയുടെ കൈകകളിലെത്തിച്ച് നിതീഷ് റെഡ്ഡി വരവറിയിച്ചു. പിന്നാലെ ക്രീസിൽ ഒന്നിച്ച ട്രാവിസ് ഹെഡും സ്മിത്തും ചേര്‍ന്ന് ഓസീസിനെ 100 കടത്തി.
അഡ്ലെയ്ഡിൽ നിർത്തിയിടത്തുനിന്നു തുടങ്ങിയ ഹെഡ് ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ പരുങ്ങലിലായി. 114 പന്തിലാണ് ഹെഡ് സെഞ്ചുറിയിലെത്തിയത്. മറുവശത്ത് തുടക്കത്തില്‍ പതറിയ ശേഷം പിടിച്ചുനിന്ന സ്മിത്ത് 114 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. പിന്നീട് മെല്ലെ താളം കണ്ടെത്തിയ താരം സെഞ്ചുറിയിലുമെത്തി.
ഇരുവരും ചേർന്ന് നാലാംവിക്കറ്റിൽ 241 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ സെഞ്ചുറിക്കു പിന്നാലെ സ്മിത്തിനെ പുറത്താക്കി ബുംറ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അഞ്ചു റൺസെടുത്ത മിച്ചൽ മാർഷിനെയും സെഞ്ചുറി വീരൻ ഹെഡിനെയും ഒരേ ഓവറിൽ പുറത്താക്കി ബുംറ വീണ്ടും ഓസീസിനെ ഞെട്ടിച്ചു.
ആറിന് 327 റൺസെന്ന നിലയിലായ ഓസ്ട്രേലിയയെ പിന്നീട് അലക്സ് കാരിയും പാറ്റ് കമ്മിൻസും ചേർന്ന് തോളിലേറ്റി. സ്കോർ 385 ൽ നില്‍ക്കെ കമ്മിൻസിനെ (20) പുറത്താക്കി സിറാജ് ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് മിച്ചൽ സ്റ്റാർക്കിനെ കൂട്ടുപിടിച്ച് കാരി ഓസ്ട്രേലിയയെ 400 കടത്തി.