ഇംഗ്ലണ്ടിനെ 143 റൺസിനു വീഴ്ത്തി; രണ്ടാംദിനം വീണ്ടും ബാറ്റിംഗിനിറങ്ങി കിവീസ്, മികച്ച ലീഡ്
Sunday, December 15, 2024 2:02 PM IST
ഹാമിൽട്ടൺ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് മികച്ച ലീഡ്. രണ്ടാംദിനം ഇംഗ്ലണ്ടിനെ 143 റൺസിനു പുറത്താക്കിയ ന്യൂസിലൻഡ് കളിനിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തിട്ടുണ്ട്. 50 റൺസുമായി കെയ്ൻ വില്യംസണും രണ്ടു റണ്ണുമായി രചിൻ രവീന്ദ്രയുമാണ് ക്രീസിൽ. നിലവിൽ കിവീസിന് 340 റൺസിന്റെ ആകെ ലീഡുണ്ട്.
നായകൻ ടോം ലാഥം (19), വിൽ യംഗ് (60), വില്യം ഒറൂർക്കെ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനു വേണ്ടി ബെൻ സ്റ്റോക്സ് രണ്ടും ഗസ് അറ്റ്കിൻസൺ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ഒമ്പതിന് 315 റൺസെന്ന നിലയിൽ രണ്ടാംദിനം ഒന്നാമിന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് 347 റൺസിന് പുറത്തായിരുന്നു. അവസാന വിക്കറ്റിൽ അർധസെഞ്ചുറിയോടെ പൊരുതിയ മിച്ചൽ സാന്റ്നറിന്റെ (79) കരുത്തിലാണ് കിവീസ് മികച്ച സ്കോറിലെത്തിയത്. ഇംഗ്ലണ്ടിനു വേണ്ടി മാത്യു പോട്ട്സ് നാലുവിക്കറ്റും ഗസ് അറ്റ്കിറ്റ്സൺ മൂന്നും ബ്രൈഡൺ കഴ്സ് രണ്ടും ബെൻ സ്റ്റോക്സ് ഒരു വിക്കറ്റും വീഴ്ത്തി.
തുടർന്ന് ഒന്നാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് കനത്ത ബാറ്റിംഗ് തകർച്ചയെയാണ് നേരിട്ടത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. 27 റൺസെടുത്ത ബെൻ സ്റ്റോക്സ് ആണ് ടോപ് സ്കോറർ. ബെൻ ഡക്കറ്റ് (11), ജേക്കബ് ബെതെൽ (12), ജോ റൂട്ട് (32), ഒല്ലി പോപ്പ് (24) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
ന്യൂസിലൻഡിനു വേണ്ടി 48 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറിയും ഏഴു റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാന്റ്നറും 33 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ വില്യം ഒറൂർക്കെയുമാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തത്.