ഇൻഷുറൻസ് തുക തട്ടി; വടകരയിൽ ഒമ്പത് വയസുകാരിയെ വാഹനമിടിച്ച് കടന്നുകളഞ്ഞ പ്രതിക്കെതിരെ വീണ്ടും കേസ്
Sunday, December 15, 2024 10:49 AM IST
കോഴിക്കോട്: വടകരയില്‍ ഒന്‍പത് വയസുകാരിയെ വാഹനമിടിച്ച സംഭവത്തില്‍ പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്. ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് കേസെടുത്തത്.
വ്യാജരേഖ ചമച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും പണം തട്ടിയതിന് നാദാപുരം പോലീസാണ് കേസെടുത്തത്. കാര്‍ മതിലിടിച്ച് തകര്‍ന്നതാണെന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് തെറ്റായ വിവരങ്ങള്‍ നല്കി നഷ്ടപരിഹാരം വാങ്ങുകയായിരുന്നു. 30,000 രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും നഷ്ട പരിഹാരമായി വാങ്ങിയത്.
വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരുന്നു. തിങ്കളാഴ്ച അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
കാറിടിച്ച് പരിക്കേറ്റ ദൃഷാന ഇപ്പോഴും കോമയിലാണ്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീൽ ആണ് വാഹനമോടിച്ചിരുന്നത് എന്ന് കണ്ടെത്തിയത്. ദൃഷാനയുടെ മുത്തശി അപകടത്തിൽ മരിച്ചിരുന്നു. വിദേശത്തുള്ള ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്.