ഫ്രാൻസിസ് മാർപാപ്പ ഇന്ന് കോർസിക്ക ദ്വീപിൽ; ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും
Sunday, December 15, 2024 10:16 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഫ്രാൻസിന്റെ ഭാഗമായ കോർസിക്ക ദ്വീപ് സന്ദർശിക്കും. ദ്വീപിന്റെ തലസ്ഥാനമായ അജാസിയോയിൽ എത്തുന്ന മാർപാപ്പ അവിടെ നടക്കുന്ന മതസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സന്ദേശം നല്കും.
ഫ്രാൻസിസ് മാർപാപ്പയുടെ 47-ാമത് അപ്പസ്തോലിക പര്യടനമാണിത്. കോർസിക്ക സന്ദർശനം പത്തു മണിക്കൂർ മാത്രം നീളുന്നതാണ്. അജാസിയോയിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം മടങ്ങുന്ന മാർപാപ്പ വിമാനത്താവളത്തിൽവച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തും.
ഒരു മാർപാപ്പ ആദ്യമായാണ് ഫ്രാൻസിലെ ഏറ്റവും ദരിദ്രപ്രദേശമായ മധ്യധരണിക്കടലിലെ കോർസിക്ക സന്ദർശിക്കുന്നത്.