ചിറ്റൂരിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്
Sunday, December 15, 2024 9:58 AM IST
പാലക്കാട്: ചിറ്റൂരിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ മേട്ടുപ്പാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്. ചിറ്റൂര്‍ തത്തമംഗലം പള്ളത്താംപ്പുള്ളിയില്‍ രാത്രിയായിരുന്നു അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു
അത്തിമണിയില് നിന്നും തത്തമംഗലം മേട്ടുപാളയം ഭാഗത്തേക്ക് പോവുകയായിരുന്ന ഷിയാദും സുഹൃത്ത് അനസും സഞ്ചരിച്ചിരുന്ന ബൈക്ക് വണ്ടിത്താവളം ഭാഗത്തേക്ക് വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് തൊട്ടു മുൻപിലായി പോയിരുന്ന ട്രാക്ടറിനെ മറികടക്കുന്നതിനിടെയാണ് എതിർദിശയിൽ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. തെറിച്ചുവീണ ഷിയാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.