പതിനേഴുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
Sunday, December 15, 2024 7:24 AM IST
കൊല്ലം: പോർട്ട് ഹാർബറിൽ വള്ളത്തിൽ നിന്ന് മീൻ ഇറക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പതിനേഴുകാരനെ ബിയർ കുപ്പി ഉപയോഗിച്ച് കുത്തി പരിക്കേല്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കൊല്ലം വെള്ളിമൺ ഇടക്കര കോളനിയിൽ ഷാനു(36) ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്.
ഷാനു സ്ഥിരമായി മീൻ ഇറക്കുന്ന വള്ളത്തിൽ നിന്ന് മീൻ ഇറക്കാൻ സഹായിക്കാൻ ഒപ്പം കൂടിയ പതിനേഴുകാരനെയാണ് ഇയാൾ കുത്തി പരിക്കൽപ്പിച്ചത്. വള്ളത്തിൽ നിന്ന് മീൻ ഇറക്കുന്നതിനെ ചൊല്ലി തർക്കമുണ്ടാവുകയും ബിയർ കുപ്പി പൊട്ടിച്ച് നെഞ്ചിനു താഴെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഷാനു. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിലെ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.