വളർത്തുനായയുമായി യുവാവിന്റെ പരാക്രമം; അതിഥി തൊഴിലാളിയുൾപ്പടെ രണ്ടുപേർക്ക് പരിക്ക്
Sunday, December 15, 2024 12:29 AM IST
തിരുവനന്തപുരം: കഠിനംകുളത്ത് വളർത്ത് നായയെ കൊണ്ട് അതിഥി തൊഴിലാളി ഉൾപ്പടെ രണ്ട് പേരെ കടിപ്പിച്ച് യുവാവ്. കമ്രാൻ എന്ന സമീറാണ് ആളുകളെ നായയെ കൊണ്ട് കടിപ്പിച്ചത്.
സമീർ ശനിയാഴ്ച വൈകുന്നേരം ചിറക്കലിൽ പോമറേനിയൻ ഇനത്തിൽപ്പെട്ട നായയുമായി എത്തി പ്രദേശവാസിയായ മണക്കാട്ടുവിളാകം സക്കീറിന്റെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറുകയായിരുന്നു. വീടിന്റെയുള്ളിൽ വച്ചാണ് നായ സക്കീറിനെ കടിച്ചത്.
നായയുടെ കടിയേറ്റതിന് പിന്നാലെ സക്കീർ ആശുപത്രിയിലേക്കും സക്കീറിന്റെ പിതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകാനും പോയി. ഈ സമയം പ്രതി സമീർ പെട്രോളുമായി മടങ്ങി എത്തി വീടിന് മുന്നിൽ തീയിട്ടു.
തുടർന്ന് അവിടെ നിന്ന് മടങ്ങിയ വഴിക്കാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഒഡീഷ സ്വദേശി അജയിനെയും നായ കടിച്ചത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.