അക്ഷരനഗരിക്ക് ക്രിസ്തുമസ് സമ്മാനമായി കോട്ടയം ലുലു തുറന്നു
Saturday, December 14, 2024 7:08 PM IST
കോട്ടയം: മധ്യകേരളത്തിന് ക്രിസ്തുമസ് പുതുവർഷ സമ്മാനമായി കോട്ടയം മണിപ്പുഴയിൽ പുതിയ ലുലു മാൾ തുറന്നു. തിരുവനന്തപുരം, കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയത്തേത്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളുടെയും പ്രധാന ഷോപ്പിംഗ് കേന്ദ്രമാകും ലുലു. ലോകോത്തര നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ ഹൈലൈറ്റ്.
ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ മാൾ ഉദ്ഘാടനം ചെയ്തു. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു നാട മുറിച്ച് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ജോസ് കെ. മാണി എംപി, ഫ്രാൻസിസ് ജോർജ് എംപി, ഹാരിസ് ബീരാൻ എംപി, കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ, മൂലവട്ടം വാർഡ് കൗൺസിലർ ഷീന ബിനു, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു, സന്തോഷ് ജോർജ് കുളങ്ങര എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
കോട്ടയം ലുലു മധ്യകേരളത്തിന്റെ ഗ്ലോബൽ ഷോപ്പിംഗ് ഹബ്ബായി മാറുമെന്ന് മന്ത്രി വി.എൻ. വാസവൻ ചൂണ്ടികാട്ടി. കേരളത്തിന്റെ വികസനത്തിൽ എം.എ. യൂസഫലി വഹിക്കുന്ന പങ്ക് നിർണായകമാണെന്നും കോട്ടയത്തിന്റെ ആധുനിക വത്കരണത്തിന് കരുത്തേകുന്നതാണ് ലുലുവിന്റെ സാന്നിധ്യമെന്നും മന്ത്രി കൂട്ടിചേർത്തു.
കോട്ടയം സ്വദേശികളും ഇനി ലോകോത്തര ശ്രംഖലയുടെ ഭാഗമാണെന്നും നഗരത്തിന്റെ വികസനത്തിന് വേഗതകൂട്ടുന്നതാണ് ലുലുവിന്റെ ചുവടുവയ്പ്പെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
മധ്യകേരളത്തിനുള്ള ക്രിസ്തുമസ് പുതുവർഷ സമ്മാനമെന്നാണ് പുതിയ ലുലുവിനെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വിശേഷിപ്പിച്ചത്. കൂടുതൽ തൊഴിലവസരവും പ്രാദേശികമായ വികസനവുമാണ് നാടിന് ആവശ്യം. കോട്ടയം ലുലുവിലൂടെ രണ്ടായിരം പേർക്ക് പുതുതായി തൊഴിൽ ലഭിക്കും. കൂടുതൽ തൊഴിൽ അവസരങ്ങൾ നാട്ടിൽ ഉണ്ടാകണം.
യുവത്വത്തിന്റെ മികവ് നമ്മുടെ നാട്ടിൽ പ്രയോജനപ്പെടുത്താൻ കഴിയണമെന്നും ലുലുവിന്റെ വികസന പദ്ധതികളിലൂടെ ഇതാണ് ലുലു ലക്ഷ്യമിടുന്നതെന്നും യൂസഫലി വ്യക്തമാക്കി.