ചോദ്യപേപ്പർ ചോർച്ച; ഡിജിപിക്ക് പരാതി നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി
Saturday, December 14, 2024 10:53 AM IST
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോർന്നത് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സംഭവത്തിൽ ഡിജിപിക്ക് പരാതി നല്‍കിയതായി മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
ചോദ്യപേപ്പര്‍ ചോർത്തുന്ന യൂട്യൂബുകാർക്കും ട്യൂഷൻ സെന്ററുകള്‍ക്കും താത്കാലിക ലാഭം ഉണ്ടാകും. വലിയ നേട്ടമായാണ് അവർ ഇത് പറയുന്നത്. യൂട്യൂബ് ചാനലുകളിൽ ഇരുന്ന് പറയുന്നത് മിടുക്കായി കാണേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചോദ്യപേപ്പർ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല. ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്.പരീക്ഷ നടത്തിപ്പിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയാറല്ലെന്നും മന്ത്രി പ്രതികരിച്ചു.