ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്ല് തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും
Saturday, December 14, 2024 10:49 AM IST
ന്യൂഡൽഹി: ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചും തുടർന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും നടത്താൻ നിർദേശിക്കുന്ന "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകൾ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും.
നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ബില്ല് അവതരിപ്പിക്കുക. ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടേക്കും. ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള നിർദേശത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ഭേദഗതികൾ അടക്കമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകിയത്.