ഫ്രാൻസ്വാ ബായ്റു അടുത്ത ഫ്രഞ്ച് പ്രധാനമന്ത്രി
Saturday, December 14, 2024 5:08 AM IST
പാരീസ്: ഫ്രാൻസിന്റെ അടുത്ത പ്രധാനമന്ത്രിയായി ഫ്രാൻസ്വാ ബായ്റു ഉടൻ സ്ഥാനം ഏറ്റെടുക്കും. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തി. ഇമ്മാനുവല്‍ മക്രോണ്‍ നയിക്കുന്ന ഭരണ മുന്നണിയില്‍ 2017 മുതല്‍ സഖ്യകക്ഷിയായ മൊഡെം(ഡെമോക്രാറ്റിക് മൂവ്മെന്റ്) പാര്‍ട്ടിയുടെ സ്ഥാപകനാണ് ബെയ്ഹു.
1986 മുതൽ 2012 വരെ പൈറനീസ്-അറ്റ്ലാന്റിക്കിൽനിന്നുള്ള പാർലമെന്റ് അംഗമായിരുന്നു. ഈ വര്‍ഷം ഫ്രാന്‍സിന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് ഇദ്ദേഹം. ഡിസംബർ അഞ്ചിന് ബജറ്റ് ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മുൻ പ്രധാനമന്ത്രി മിഷേൽ ബാർണിയറെ പ്രതിപക്ഷപാർട്ടികൾ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.
1962 നുശേഷം അവിശ്വാസപ്രമേയത്തിലൂടെ ഫ്രാൻസിൽ അധികാരത്തിൽനിന്ന് പുറത്താകുന്ന ആദ്യ സർക്കാരായിരുന്നു ബാർണിയറുടേത്. പ്രസിഡന്റ് കാലാവധി 2027 വരെയുള്ളതിനാൽ രാജിവെക്കില്ലെന്നും പുതിയ സർക്കാരിനെ നിയമിക്കുമെന്നും മാക്രോൺ പ്രഖ്യാപിച്ചിരുന്നു.