തെറ്റായ ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല; മുന്നറിയിപ്പുമായി എം.വി.ഗോവിന്ദൻ
Thursday, December 12, 2024 10:27 PM IST
കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗത്തിൽ നേതാക്കൾക്ക് മുന്നറിയിപ്പുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നേതാവാണ് എല്ലാത്തിന്റെയും അവസാന വാക്കെന്ന് കരുതരുത്. ജനങ്ങളാണ് അവസാന വാക്കെന്നും തെറ്റായ ഒരു പ്രവണതയും പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ നേതാക്കള്‍ക്കെതിരെ നടപടിയുമുണ്ടായി. പി.ആർ.വസന്തനടക്കം കരുനാഗപ്പള്ളിയിൽ നിന്നുള്ള നാല് ജില്ലാ കമ്മിറ്റി അംഗങ്ങളെ പുതിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. കരുനാഗപ്പള്ളിയിലെ തമ്മിലടിയിൽ രൂക്ഷ വിമർശനമാണ് ജില്ലാ സമ്മേളനത്തിൽ ഉയർന്നത്.
പ്രശ്നം പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി. കൊട്ടിയം ധവളക്കുഴിയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനം എസ്.സുദേവനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.