റീൽസ് അപകടം പുനരാവിഷ്കരിച്ചു; പ്രതികളുടെ "കാര്‍ നാടകം' പൊളിച്ച് പോലീസ്
Thursday, December 12, 2024 7:17 PM IST
കോഴിക്കോട്: ബീച്ച് റോഡിലുണ്ടായ റീല്‍സ് അപകടത്തില്‍ വീഡിയോഗ്രാഫര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികള്‍ കൂടുതല്‍ കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ ആസൂത്രിത ശ്രമം നടത്തിയെന്ന് പോലീസ്. അപകടത്തിനു ശേഷം പ്രതിയും മറ്റു സുഹൃത്തുക്കളും വാഹനം മനഃപൂർവം മാറ്റാൻ ശ്രമം നടത്തിയിരുന്നു.
എന്നാൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ 18 മണിക്കൂറിനകം അപകടത്തിൽപ്പെട്ട കാർ പോലീസ് തിരിച്ചറിയുകയായിരുന്നു. ഇടിച്ച കാറിന് ഇന്‍ഷ്വറന്‍സ് ഇല്ലാത്തതാണ് മറ്റൊരു കാറാണ് ഇടിച്ചതെന്ന് പ്രതികള്‍ പറയാന്‍ കാരണം.
ആൽവിനെ ഇടിച്ചത് കറുത്ത നിറത്തിലുള്ള ഡിഫന്‍ഡര്‍ ആഡംബര കാറാണെന്നാണ് ഒപ്പമുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞത്. എന്നാൽ അമിത വേഗത്തില്‍ എത്തിയ ബെന്‍സ് കാര്‍ ഇടിച്ചാണ് വീഡിയോഗ്രാഫര്‍ ആല്വിന് മരിച്ചത്.
സംഭവസമയം ബെന്‍സ് കാര്‍ ഓടിച്ചിരുന്നത് കരുവമ്പ്രം കല്ലിങ്ങൽ വീട്ടിൽ സാബിദ് റഹ്മാൻ ആയിരുന്നു. ഒപ്പം കോഴിക്കോട് തലക്കുളത്തൂർ സ്വദേശി എടശേരി വീട്ടിൽ റഹീസും ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും ഇടവിട്ട് 18 മണിക്കൂർ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്കു കുറ്റം സമ്മതിക്കേണ്ടി വന്നു.
കടുംനീല ബെന്‍സ് കാര്‍ തെലങ്കാനയിൽ രജിസ്റ്റർ ചെയ്തതാണെന്നു കണ്ടെത്തി. മാത്രമല്ല, വാഹനത്തിന്റെ രജിസ്ട്രേഷൻ ടിഎസ് 9 യുഎ 9 നിലവിൽ അസാധുവാണെന്നും വ്യക്തമായി. രണ്ടു വാഹനവും ആർടിഒ അന്വേഷണ സംഘം ബീച്ച് റോഡിൽ എത്തിച്ച് അപകടദൃശ്യം പുനരാവിഷ്കരിച്ചു.
ഡിഫന്‍ഡറിന് തൊട്ടുപിന്നിലായി ബെന്‍സ് കാർ വരുന്നതാണ് ആൽവിൻ നടുറോഡിൽ നിന്നു ചിത്രീകരിച്ചത്. പിന്നാലെ ബെന്‍സ് ഡിഫന്‍ഡറിനെ മറികടന്ന് അമിത വേഗത്തിൽ വരുന്നതു കണ്ടു റോഡരികിലേക്കു മാറുന്നതിനിടയിലാണ് കാറിന്റെ ഇടതു ഭാഗം ഇടിച്ച് ആൽവിൻ തെറിച്ചുവീണത്. ഇതേ ദൃശ്യം തന്നെയാണ് ബുധനാഴ്ച കണ്ടെടുത്ത ആൽവിന്റെ മൊബൈൽ ഫോണിലുമുള്ളത്.