അപകടങ്ങൾ ഒഴിവാക്കാൻ കർശന നടപടി : മന്ത്രി കെ.ബി.ഗണേഷ് കുമാർ
Thursday, December 12, 2024 6:02 PM IST
ന്യൂഡൽഹി : സംസ്ഥാനത്ത് റോഡ് അപകടങ്ങൾ ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. പാലക്കാട്ട് കല്ലടിക്കോടുണ്ടായ അപകടം ദാരുണമായ സംഭവമാണ്. അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കല്ലടിക്കോട് സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലമാണെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കും. ഇതിനായി ആർടിഓയെ ചുമതലപ്പെടുത്തി. ലോറികളിൽ സ്പീഡ് ഗവർണർ ഊരിയിടുന്ന രീതി തുടരുന്നുണ്ട്. ഇതിൽ ശക്തമായ നടപടി ഉണ്ടാകും.
നേരത്തെ തീരുമാനിച്ചത് പോലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പോലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തും. കല്ലടിക്കോട് അപകടമുണ്ടാക്കിയ ലോറി അമിത വേഗതയിലാണോ വന്നതെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.