കണ്ണീർക്കടലായി കല്ലടിക്കോട്; വൻ പ്രതിഷേധവുമായി നാട്ടുകാർ
Thursday, December 12, 2024 5:32 PM IST
പാലക്കാട്: സ്കൂൾ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി നാലു വിദ്യാർഥിനികൾ മരിച്ചതിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇന്ന് വൈകുന്നേരം നാലിന് പാലക്കാട് കല്ലടിക്കോടായിരുന്നു അതിദാരുണമായ സംഭവമുണ്ടായത്.
റോഡിലേക്ക് മറിഞ്ഞ ലോറി ഉയർത്തി ഗതാഗതം പുനസ്ഥാപിച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ എത്തുകയായിരുന്നു. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.
ഇതുവരെ 55 അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്നും ഏഴു മരണവും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. പ്രതിഷേധക്കാരുമായി പോലീസ് ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ജില്ലാ കളക്ടർ സ്ഥലത്ത് എത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ തങ്ങൾ പിരിഞ്ഞു പോകില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാർഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ കരിമ്പയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.