മുനമ്പം ഭൂപ്രശ്നം; മുസ്ലിംലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ അഭിഭാഷകനെതിരേ പോസ്റ്റര്‍
Thursday, December 12, 2024 4:09 PM IST
കൊച്ചി: മുനമ്പം വിഷയത്തില്‍ മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്പില് പോസ്റ്റര്‍. അഡ്വ. മുഹമ്മദ് ഷാക്കെതിരേയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന്റെ അഭിഭാഷക സംഘടനാ നേതാവാണ് ഇദ്ദേഹം. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് സമുദായത്തേയും പാര്‍ട്ടിയെയും അടക്കം ഇദ്ദേഹം തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്.
ഐയുഎല്എല് സേവ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ക്രിസ്ത്യന്‍ സഭകളെ തെറ്റിധരിപ്പിച്ച അഡ്വ. മുഹമ്മദ് ഷാക്കെതിരേ നടപടിയെടുക്കുകയെന്നും പോസ്റ്ററിലുണ്ട്.
മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഹൗസിന് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പരാമര്‍ശത്തെ തള്ളി കെ.എം. ഷാജി രംഗത്തെത്തിയതോടെ മുനമ്പം വിഷയത്തില്‍ മുസ്ലിം ലീഗില്‍ രണ്ട് പക്ഷം രൂപപ്പെട്ടു.
പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമായിരുന്നു കെ.എം. ഷാജിയുടെ പ്രതികരണം. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും കെ.എം. ഷാജി വ്യക്തമാക്കിയിരുന്നു, കെ.എം. ഷാജിയെ തള്ളി പി.കെ. കുഞ്ഞാലിക്കുട്ടിയും പിന്തുണച്ച് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയും രംഗത്തെത്തിയിരുന്നു.
ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം. കെ.എം. ഷാജിയുടെ അഭിപ്രായം വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആണെന്ന് ഇ.ടി. മുഹമ്മദ് ബഷീറും വ്യക്തമാക്കുകയായിരുന്നു.