റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടുന്നത് പോലീസിന് തടയാമായിരുന്നു: രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Thursday, December 12, 2024 3:54 PM IST
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സിപിഎം സമ്മേളനം നടത്തിയ സംഭവത്തില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടുന്നത് പോലീസിന് തടയാമായിരുന്നു. ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട കേസല്ല ഇതെന്നും കോടതി നിരീക്ഷിച്ചു.
പോലീസ് സ്റ്റേഷന് മുന്നില്‍വച്ച് നിയമലംഘനം കണ്ടിട്ടും ഉദ്യോഗസ്ഥര്‍ അനങ്ങിയില്ലെന്ന് കോടതി പറഞ്ഞു. വഞ്ചിയൂര്‍ എസ്എച്ച്ഒ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി.
നിയമലംഘനം ശ്രദ്ധയില്‍പെട്ടിട്ടും സ്റ്റേജ് അവിടെനിന്ന് മാറ്റാന്‍ എന്തുകൊണ്ട് ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്എച്ച്ഒയോട് കോടതി ചോദിച്ചു. സമരത്തിന്റെ കണ്‍വീനറോട് ഇക്കാര്യം അറിയിച്ചെങ്കിലും അവര്‍ അനുസരിച്ചില്ലെന്നായിരുന്നു മറുപടി. പിന്നീട് ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാനാണ് മറ്റ് നടപടികളിലേക്ക് കടക്കാതിരുന്നതെന്നും എസ്എച്ച്ഒ കൂട്ടിച്ചേര്‍ത്തു.
കേസില്‍ നിലവില്‍ എടുത്ത എഫ്ഐആര്‍ പര്യാപ്തല്ലെന്ന് കോടതി പറഞ്ഞു. സ്റ്റേജില്‍ ഇരുന്ന എല്ലാവര്‍ക്കുമെതിരേ കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.