ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Thursday, December 12, 2024 3:37 PM IST
ന്യൂഡൽഹി: രാജ്യത്ത് ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്ലുകൾ വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചേക്കും.
നിലവിലുള്ള തെരഞ്ഞെടുപ്പ് നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തിക്കൊണ്ടുള്ള സമഗ്രമായ ഒറ്റ നിയമം ശിപാര്‍ശ ചെയ്യുന്ന ബില്ലാകും അവതരിപ്പിക്കുക. 2029 ഓടെ രാജ്യത്ത് നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയാക്കാനാണ് ബില്ലില്‍ ലക്ഷ്യമിടുന്നത്.
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംവിധാനത്തെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു. അടിക്കടി തെരഞ്ഞെടുപ്പു വരുന്നത് രാജ്യപുരോഗതിക്ക് വിഘാതമാകുന്നുവെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ആദ്യഘട്ടമെന്ന നിലയിൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തും. തുടർന്ന് നൂറു ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തെരഞ്ഞെടുപ്പ് നടത്തും. ഈകാര്യങ്ങൾ നിർദേശിച്ച് സമിതി കഴിഞ്ഞ മാർച്ചിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം ബിൽ നടപ്പാക്കണമെങ്കിൽ കുറഞ്ഞത് ആറ് ഭരണഘടനാ ഭേദഗതികളെങ്കിലും വേണ്ടിവരും. കൂടാതെ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. എന്നാൽ മൂന്നാം മോദി സർക്കാരിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ സംവിധാനം നടപ്പാക്കാൻ ബുദ്ധിമുട്ടാവുമെന്നും വിലയിരുത്തലുണ്ട്. തീരുമാനം നടപ്പാക്കുന്നതിന് ഘടകകക്ഷികളുടെ പിന്തുണ അത്യാവശ്യമാണ്.