വിവേചനങ്ങള്‍ക്കെതിരെ പോരാട്ടം തുടരണമെന്ന് സ്റ്റാലിൻ; കേരളവും തമിഴ്നാടും പരസ്പരം കൈത്താങ്ങാവുകയാണെന്ന് പിണറായി
Thursday, December 12, 2024 2:18 PM IST
വൈക്കം: സമൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടം തുടരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എല്ലാ വേർതിരിവും നിയമം കൊണ്ടു മാറ്റാനാകില്ല. ജനങ്ങളുടെ മനസും മാറണം. എന്തു വില കൊടുത്തും സമത്വ സമൂഹം സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1924 ൽ പെരിയാറെ അറസ്റ്റ് ചെയ്ത അതേ വൈക്കത്തു തന്നെ പെരിയാറിന്റെ പ്രതിമ ഉയർന്നിരിക്കുകയാണ്. ഇതാണ് പെരിയാറിന്റെ വിജയം. ഇത് ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ട ദിവസമാണ്. ഈ കാഴ്ച കാണാൻ കലൈജ്ഞർ കരുണാനിധി ഇല്ല എന്ന വിഷമം ഉണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
തന്തൈ പെരിയാറിന്റെ സ്മാരകം എന്ന സ്വപ്നം യാഥാർഥ്യമാക്കിയത് കേരളവും തമിഴ്നാടും ഒരുമിച്ചുനിന്നാണ്. സ്മാരകത്തിന്റെ നിർമാണത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചെന്നും നന്ദി അറിയിക്കുന്നതായും സ്റ്റാലിൻ പറഞ്ഞു.
അതേസമയം, ത്യാഗോജ്വലമായ ജീവിതമാണ് തന്തൈ പെരിയാറിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിൽ തുടങ്ങിയ സഹവർത്തിത്വമാണ് കേരളവും തമിഴ്നാടും ഇന്നും തുടരുന്നതെന്നും പിണറായി അധ്യക്ഷപ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ നടക്കാൻ അവകാശമില്ലാതിരുന്നത് ഇന്നാട്ടുകാരായ മലയാളികൾക്കായിരുന്നു. ഈ പ്രശ്നത്തെ കേവലം മലയാളികളുടെയോ തിരുവിതാംകൂറിന്റെയോ ഒക്കെ പ്രശ്നമായി ചുരുക്കിക്കാണുകയല്ല പെരിയാറും മറ്റ് സമരനേതാക്കളും കണ്ടത്. രാജ്യത്തിലെ ജനങ്ങളുടെയാകെ പ്രശ്നമായാണ് അവർ കണ്ടത്. അതിർവരമ്പുകൾക്കതീതമായ സഹവർത്തിത്വവും സഹകരണവുമാണ് വൈക്കം സത്യാഗ്രഹത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. ആ സഹവർത്തിത്വവും സഹകരണവും തുടർന്നുകൊണ്ടുപോവുകയാണ് കേരളവും തമിഴ്നാടുമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
കേന്ദ്ര അവഗണനയ്ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾക്ക് മേൽ നിരന്തര കൈകടത്തലുകള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കണം. കേരളവും തമിഴ്നാടും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണ ഫെഡറലിസത്തിന്റെ യഥാർഥ ദൃഷ്ടാന്തമാണ് ഇരുസംസ്ഥാനങ്ങളും മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും ഇരു മുഖ്യമന്ത്രിമാരും ചേർന്ന് ഉദ്ഘാടനം ചെയ്തു. പിന്നാലെ ഇരുവരും പെരിയാർ മ്യൂസിയത്തിൽ സന്ദർശനം നടത്തി.
തമിഴ്നാട്ടിൽ നിന്നും ദ്രാവിഡ കഴകം അധ്യക്ഷൻ കെ. വീരമണി, തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുഗൻ, ഇ.വി. വേലു, എം.പി. സ്വാമിനാഥൻ, വിസികെ അധ്യക്ഷൻ തീരുമാവളവൻ എംപി, കേരള മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ് എംപി, സി.കെ. ആശ എം എൽഎ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.