വയനാട് ദുരന്തം: കണക്കുകൾ സമ്മർപ്പിച്ച് കേരളം, സർക്കാരുകൾക്കിടയിൽ മധ്യസ്ഥത വഹിക്കാമെന്ന് ഹൈക്കോടതി
Thursday, December 12, 2024 1:40 PM IST
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ച് സർക്കാർ. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച വിശദാംശങ്ങളാണ് സർക്കാർ സമർപ്പിച്ചത്.
എസ്ഡിആർഎഫിൽ 782.99 കോടി രൂപയാണ് ഒക്ടോബർ ഒന്ന് വരെ ഉണ്ടായിരുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഡിസംബർ പത്ത് വരെ എസ്ഡിആർഎഫിൽ ഉണ്ടായിരുന്നത് 700.5 കോടി രൂപയാണ്. ഇത് സംസ്ഥാനത്തെ മുഴുവൻ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള തുകയാണ്. ഇത് ഉരുൾപൊട്ടൽ മേഖലയിൽ മാത്രം ചെലവഴിക്കാൻ സാധിക്കില്ലെന്നും സർക്കാർ അറിയിച്ചു.
700 കോടിയിൽ 471 കോടി സംസ്ഥാനത്തെ വിവിധ ആവശ്യങ്ങൾക്കായി കൊടുത്തുതീർക്കാനുള്ളതാണ്. 121 കോടി രൂപ കൂടി മറ്റ് ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കേണ്ടതുണ്ട്. കണക്കിൽ 700 കോടി രൂപയുണ്ടെങ്കിലും ഇത് വയനാടിനായി മാത്രം ഉപയോഗിക്കാൻ കഴിയില്ല. പുനരധിവാസത്തിന് ഭൂമി വാങ്ങാൻ എസ്ഡിആർഎഫ് തുക ഉപയോഗിക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ടൗണ്‍ഷിപ്പ് അടക്കം നിർമിക്കാൻ അധികം തുക വേണം. സ്പോണ്‍സർഷിപ്പിലൂടെ അടക്കം സിഎംഡിആർഎഫിൽ എത്തിയത് 682 കോടി രൂപയാണ്. എല്ലാ ചെലും കഴിഞ്ഞാൽ എസ്ഡിആർഎഫിൽ ഉള്ളത് 61 കോടി രൂപ മാത്രമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അമിക്കസ്ക്യൂറിയും റിപ്പോർട്ട് നൽകി.
എസ്ഡിആർഎഫ് തുക കടലാസിൽ മാത്രമേ ഉള്ളുവെന്നാണ് ഇതിലൂടെ മനസിലാക്കുന്നതെന്ന് കോടതി പറഞ്ഞു. ഇക്കാര്യം കേന്ദ്രസർക്കാരിനെ കൂടി ബോധ്യപ്പെടുത്തി സംസ്ഥാന സർക്കാർ സഹായം ഉറപ്പാക്കണം.
എസ്ഡിആർഎഫിലെ തുകയുടെ മുൻകൂടി നിശ്ചയിച്ച വിനിയോഗം, തുടർന്നുള്ള വിനിയോഗം, വയനാടിന് അധികമായി വേണ്ട തുക ഇവയെല്ലാം വിശദീകരിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡിസംബർ 18ന് കോടതിയിൽ റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
ഈ കണക്കുകൾ കേന്ദ്രത്തിന് കൈമാറാമെന്നും ക്രിസ്മസിനുശേഷം കണക്കുകളിൽ വ്യക്തത വരുത്തി സർക്കാരുകൾക്കിടയിൽ മധ്യസ്ഥത വഹിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.