വീഡിയോ ചിത്രീകരണത്തിനിടെ അപകടം; വാഹനമോടിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
Thursday, December 12, 2024 1:39 PM IST
കോഴിക്കോട്: പ്രമോഷണല്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച സാബിത് റഹ്മാന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.
മറ്റൊരു വാഹനം ഓടിച്ച റഹീസിന്റെ ലൈസന്‍സ് ആറ് മാസത്തേക്കും സസ്പെന്‍ഡ് ചെയ്തു. യുവാവിനെ ഇടിച്ച ബെന്‍സ് കാറിന് ടാക്സും അടച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ബെന്‍സ് കാറിന്റെ ആര്‍സിയും റദ്ദാക്കും. സാബിത്തിനും റഹീസിനുമെതിരെ കേസെടുക്കും.
വടകര കടമേരി സ്വദേശി ആല്‍വിനാണ് സ്വകാര്യ സ്ഥാപനത്തിന്റെ പ്രമോഷണല്‍ വീഡിയോ ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് മരിച്ചത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണം. ഇടിയുടെ ആഘാതത്തിൽ ആന്തരിക ക്ഷതവുമുണ്ടായി എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന്റെ പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.സ്ഥാപന ഉടമ സാബിത്, ജീവനക്കാരൻ റഹീസ് എന്നിവർ ഓടിച്ചിരുന്ന രണ്ട് വാഹനങ്ങളുടെ ചേസിംഗ് വീഡിയോയാണ് ആൽവിൻ മൊബൈലിൽ ചിത്രീകരിച്ചിരുന്നത്. ഇതിനിടെ സാബിത് ഓടിച്ച ബെൻസ് ജീ വാഗൺ ആൽവിനെ ഇടിക്കുകയായിരുന്നു.