പ്രതിപക്ഷ നേതാവിനെതിരെ പടയൊരുക്കമില്ലെന്ന് കെ. മുരളീധരൻ
Thursday, December 12, 2024 12:13 PM IST
പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പടയൊരുക്കമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പ്രതിപക്ഷ നേതാവ് മാറണമെന്ന ഒരു ചർച്ച നടക്കുന്നില്ല. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് ഈ കഥ ഉണ്ടാക്കിയതെന്ന് അറിയില്ല. നേതൃമാറ്റമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
താഴേത്തട്ടിലുള്ള പുനഃസംഘടന ഏത് രീതിയിൽ വേണമെന്ന് കെപിസിസി തീരുമാനിക്കും. പാർട്ടി മുന്നോട്ടു പോകണമെങ്കിൽ യുവാക്കൾ വേണം. യുവാക്കളോടൊപ്പം പ്രായമായവരുടെ നേതൃത്വവും സഹകരണവും ആവശ്യമാണ്.
പ്രായമായെന്ന് കരുതി മാതാപിതാക്കളെ ആരും മാറ്റില്ലല്ലോ എന്ന് ചോദിച്ച മുരളീധരൻ പ്രായം എല്ലാവർക്കും വരുമെന്നും ചൂണ്ടിക്കാട്ടി.