മണിയാര്‍ വൈദ്യുത പദ്ധതി: കരാർ നീട്ടിക്കൊടുത്ത് സർക്കാർ കന്പനിയെ സഹായിക്കുന്നെന്ന് ചെന്നിത്തല
Thursday, December 12, 2024 11:08 AM IST
ന്യൂഡൽഹി: മണിയാര്‍ വൈദ്യുത പദ്ധതിയില്‍ കാർബൊറണ്ടം കമ്പനിക്കായി സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നെന്ന് രമേശ് ചെന്നിത്തല. ബിഒടി വ്യവസ്ഥ മറികടന്ന് കാലാവധി നീട്ടികൊടുക്കാനാണ് നീക്കം. 30 വര്‍ഷത്തെ കരാര്‍ അവസാനിച്ച പദ്ധതി 25 വര്‍ഷത്തേക്ക് കൂടി നീട്ടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
നായനാർ സർക്കാരിന്റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്റെ ഭാഗമായി കാർബൊറണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം ലഭിച്ചു. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്.
30 വർഷത്തേക്ക് ഒപ്പിട്ട കരാർ നീട്ടാനുള്ള സർക്കാർ ശ്രമം അഴിമതിയാണ്. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുന്‍പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയാറാകുന്നില്ല.
2023ൽ കാർബൊറണ്ടം ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും വൈദ്യുത പദ്ധതിക്ക് ഉണ്ടായില്ല. നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോയെന്നും ചെന്നിത്തല ചോദിച്ചു.
കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്നും പദ്ധതി കെഎസ്ഇബി ഏറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.