പയ്യന്നൂരിൽ എം.കെ. രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ
Thursday, December 12, 2024 10:35 AM IST
കണ്ണൂർ: പയ്യന്നൂരിൽ എം.കെ. രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ. രാഘവൻ ഒറ്റുകാരനെന്നും മാപ്പില്ലെന്നുമാണ് പോസ്റ്ററിലെ പരാമർശം. കോൺഗ്രസ് ഓഫീസിന്റെ ചുവരിലും പയ്യന്നൂർ നഗരത്തിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
രാഘവൻ ചെയർമാനായ മാടായി കോളജ് ഭരണസമിതി കോഴ വാങ്ങി രണ്ട് സിപിഎം പ്രവർത്തകർക്ക് ജോലി നൽകിയെന്നാണ് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും ആരോപണം. രാഘവനെതിരെ പ്രവർത്തകർ തെരുവിലിറങ്ങിയതോടെ വിവാദം കൈവിട്ടു.
രാഘവൻ സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് കണ്ണൂർ ഡിസിസി നിലപാട്. ഇതിനെതിരെ രാഘവൻ രംഗത്തുവന്നതോടെ നേതാക്കൾക്കിടയിലും തർക്കം രൂക്ഷമായി. ഇതോടെ പ്രശ്നപരിഹാരത്തിന് കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചു.