കാത്തിരുന്നവരെ കണ്ണീരിലാഴ്ത്തി ആര്യൻ മടങ്ങി; കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരൻ മരിച്ചു
Thursday, December 12, 2024 8:51 AM IST
ധൗസ: രാജസ്ഥാനിലെ ധൗസയിൽ 150 അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു. 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും വൈകാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരമാണ് കാലിഘാത് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം കളിക്കുന്നതിനിടെ അഞ്ചുവയസുകാരൻ ആര്യൻ കുഴൽക്കിണറിൽ വീണത്. ഉടൻതന്നെ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം ആരംഭിച്ചു.
കുഴൽക്കിണറിന് സമാന്തരമായി ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഈസമയം, ഒരു പൈപ്പിലൂടെ കുഴൽക്കിണറിനുള്ളിലേക്ക് ഓക്സിജനും നല്കിയിരുന്നു. പുറത്തെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.