തലച്ചോറിൽ രക്തസ്രാവം: ശസ്ത്രക്രിയയ്ക്ക് വിധേയനായ ബ്രസീൽ പ്രസിഡന്റിന്റെ ആരോഗ്യനിലയിൽ പുരോഗതി
Wednesday, December 11, 2024 11:34 AM IST
ബ്രസീലിയ: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. തിങ്കളാഴ്ച രാത്രിയാണ് ലൂയിസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ലൂയിസ് സുഖം പ്രാപിച്ചുവരികയാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഒക്ടോബറിൽ തലയിടിച്ച് വീണതിനെ തുടർന്നാണ് 79കാരനായ സിൽവയ്ക്ക് തലച്ചോറിൽ രക്തസ്രാവമുണ്ടായത്.
സാവോ പോളോയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് സിൽവ നിലവിൽ ഉള്ളത്. ഏതാനും ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടിവരും. സന്ദർശകർക്ക് വിലക്കുണ്ടാകുമെന്ന് പ്രസിഡന്റിന്റെ വക്താവ് പൗലോ പിമെന്റെ പ്രതികരിച്ചു.