മുസ്ലീം ലീഗ് വർഗീയ കലാപത്തിന് കോപ്പുകൂട്ടുന്നു: കെ സുരേന്ദ്രൻ
Tuesday, December 10, 2024 12:18 AM IST
തിരുവനന്തപുരം: സമൂഹത്തിൽ വിഭജനവും ഭീതിയും വളർത്തി മുസ്ലിം ലീഗ് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
മുനമ്പം വഖഫ് ഭൂമിയാണെന്ന് ഒരു വിഭാഗം നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചത് സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടാണ്. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ലീഗിന്റെ ഉന്നത നേതാക്കൾ തന്നെ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുകയാണ്.
വി.ഡി. സതീശനും യുഡിഎഫും മുനമ്പത്തുകാരെ വഞ്ചിക്കുകയാണ്. മുസ്ലീം ലീഗിലെ പിഎഫ്ഐ ലോബിയാണ് യുഡിഎഫിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്.
പാലക്കാട് പിഎഫ്ഐ പിന്തുണ ലഭിച്ചതിന്റെ കടപ്പാട് യുഡിഎഫിന് അവരോടുണ്ടാകുമെന്നുറപ്പാണ്. പ്രശ്ന പരിഹാരത്തിന് മുസ്ലീം ലീഗ് മുൻകൈ എടുത്തത് മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു.
ഉപതിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇതെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നു. മുസ്ലീം മതമൗലികവാദ ശക്തികളെ ഒരു കുടക്കീഴിൽ അണിനിരത്തി വർഗീയ അജണ്ട നടപ്പിലാക്കാനാണ് ലീഗ് ശ്രമിക്കുന്നത്.
യുഡിഎഫ് മത വർഗീയ ശക്തികളുടെ കൂടാരമായി മാറി കഴിഞ്ഞിരിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞഞു.