സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണര്‍; ബുധനാഴ്ച ചുമതലയേൽക്കും
Monday, December 9, 2024 10:22 PM IST
ന്യൂഡല്‍ഹി: റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ശക്തികാന്ത ദാസിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് നിയമനം. ബുധനാഴ്ച അദ്ദേഹം ചുമതലയേൽക്കും.
രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഓഫീസറാണ് സഞ്ജയ് മൽഹോത്ര. കാൻപുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനീയറിംഗ് ബിരുദധാരിയായ മൽഹോത്ര യുഎസിലെ പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
വൈദ്യുതി, ധനകാര്യം, നികുതി, വിവര സാങ്കേതിക വിദ്യ തുടങ്ങി വിവിധ വകുപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസിനെ ആർബിഐ ഗവർണറായി നിയമിച്ചത്. 2021 അദ്ദേഹത്തിന് കേന്ദ്രം പുനർനിയമനം നൽകുകയായിരുന്നു.